വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ച സംഭവം; വാഹനം ഓടിച്ചത് മെയിൽ നഴ്‌സ്
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകട സമയം ആംബുലൻസ് ഓടിച്ചിരുന്നത് താനാണെന്നാണ് മെയിൽ നഴ്‌സായ ചെറുവക്കൽ സ്വദേശി അമൽ പറയുന്നത്. ഡ്രൈവർ വിനീത് ക്ഷീണിതനായത് കൊണ്ടാണ് താൻ വാഹനം ഓടിച്ചതെന്നാണ് വിശദീകരണം. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പനയിൽ രോഗിയെ വിട്ട ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ ആംബുലന്‍സ് തലകീഴായി മറിയുകയും ബൈക്ക് യാത്രികൻ മരിക്കുകയും ചെയ്തിരുന്നു. പിരപ്പന്‍കോട് സ്വദേശി ഷിബുവാണ്(35 ) മരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ അലംകൃത (4) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.