വന്‍ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് ഇറച്ചിക്കച്ചവടക്കാര്‍ക്ക് വിറ്റു, ഒരാൾ അറസ്റ്റിൽ
മാവേലിക്കര: പോത്തുകളെ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെറിയനാട് ചെറുവല്ലൂർ ആലക്കോട് കോടംപറമ്പിൽ കെ. ആർ. ദിനേശിനെ(39)യാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലകടവ് സബ് രജിസ്ട്രാർ ഓഫീസിന് സമീപം പറമ്പിൽ കെട്ടിയിരുന്ന ഉദ്ദേശം 80 000 രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ആറിന് രാത്രിയിലാണ് ഇയാളും മറ്റു രണ്ടുപേരും ചേർന്ന് പറമ്പിൽ കെട്ടിയിരുന്ന പോത്തുകളെ കടത്തിക്കൊണ്ടുപോയത്. 48000 രൂപയ്ക്ക് കായംകുളത്തെ ഇറച്ചിക്കച്ചവടക്കാർക്ക് ഇവയെ വിറ്റ ശേഷം പണം മൂവരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതിൽ 10000 രൂപ പ്രതിയുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. പോത്തുകളെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്താനും ഒളിവിൽ പോയ മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പോത്തുകളെ കാണാതെ പോയ സംഭവങ്ങൾക്ക് പിന്നിൽ ഇവരാണെന്ന സംശയത്തിലാണ് പൊലീസുള്ളത്. എസ്. എച്ച്. ഒ: എ. നസീറിന്റെ നേതൃത്വത്തിൽ എസ്. ഐ: ബി. ജെ. ആന്റണി, സി. പി. ഒമാരായ ഹരികുമാർ, അഖിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍ മുളക്കുഴ, അരീക്കര ഭാഗങ്ങളിൽ വീടുകളിലെ പമ്പ് സെറ്റ് മോട്ടോറുകൾ മോഷ്ടിക്കുന്ന രണ്ടുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുളക്കുഴ സ്വദേശികളായ അരീക്കര അനീഷ്ഭവനിൽ അനീഷ് (31), വിനോദ്ഭവനിൽ വിനയൻ (47)എന്നിവരാണ് പിടിയിലായത്. മുളക്കുഴ ഭാഗങ്ങളിലെ ആൾത്താമസമില്ലാത്ത വീടുകളിലെ മോട്ടോറുകൾ മോഷണം പോകുന്നതായി പരാതികൾ ലഭിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. ആൾത്താമസമില്ലാത്ത വീടുകളിൽ പകൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന രീതികളാണ് പ്രതികൾക്കുള്ളതെന്നാണ് പൊലീസ് പറയുന്നത്.