Thursday, January 9, 2025
Kerala

ഏക സിവിൽ കോഡ്: കോൺഗ്രസിന് മേൽ ലീഗിന്റെ കടുത്ത രാഷ്ട്രീയ സമ്മര്‍ദം, നാളെ യുഡിഎഫ് യോഗം

തിരുവനന്തപുരം : ഏക സിവിൽ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോൺഗ്രസിന് വലിയ ആശ്വാസം നൽകുമ്പോഴും പാർട്ടിക്ക് മേൽ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം. ഏക സിവിൽ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നാളെ യുഡിഎഫ് യോഗം ചേരും.

വോട്ടുറുപ്പ് നല്‍കുന്ന സമുദായ സംഘടനയെപ്പോലും അകലത്തിൽ നിര്‍ത്തിയാണ് മുന്നണി രാഷ്ട്രീയത്തിന്‍റെ മര്യാദയ്ക്ക് ലീഗ് കൈകൊടുക്കുന്നത്. സെമിനാറിലേക്കുള്ള സിപിഎം ക്ഷണം തള്ളുമ്പോഴും മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.

ദേശീയ തലത്തില്‍ ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സമരപരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തീയതിയും കണ്ടിട്ടില്ല. ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും വിഷയം ഗൗരവമായി കാണണമെന്നുമാണ് ലീഗിന്‍റെ ആവശ്യം. സമ്മര്‍ദ സാധ്യത കൂടിയാണ് സിപിഎം ക്ഷണം തള്ളാന്‍ സമയമെടുത്തതിന്‍റെയും ഒരു കാരണം. കോണ്‍ഗ്രസിനാകട്ടെ ആശ്വാസമാണ് ലീഗിന്‍റെ ഇന്നത്തെ പ്രതികരണം.

രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി മാത്രമാണ് സിപിഎം ഏക സിവില്‍കോഡിനെ കാണുന്നതെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ സിപിഎം സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതില്‍ പുനരാലോചനയും ആവശ്യപ്പെടുന്നില്ല.

നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ സിപിഎം രാഷ്ട്രീയമായി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചാവും ലീഗ് നേതാക്കള്‍ വിശദമാക്കുക. സമസ്തയെ മുസ്ലീം ലീഗിനും, ലീഗിനെ കോണ്‍ഗ്രസിനും കൂടെനിര്‍ത്തേണ്ടത് രാഷ്ട്രീയ അനിവാര്യതയായതിനാല്‍ ഏക സിവില്‍ കോഡില്‍ പ്രതിഷേധങ്ങളുടെ പരമ്പര തീര്‍ക്കേണ്ടത് കോണ്‍ഗ്രസിന്‍റെ കൂടി ഉത്തരവാദിത്തമായി മാറും.

എന്നാൽ ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് പ്രത്യക്ഷത്തിൽ തിരിച്ചടിയാണെങ്കിലും ക്ഷണം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ ആശയക്കുഴപ്പം ഭാവിയിൽ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സമസ്ത എത്തുന്നതും സമസ്തയും ലീഗും തമ്മിലെ ഭിന്നത തുടരുന്നതും നേട്ടമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

­

Leave a Reply

Your email address will not be published. Required fields are marked *