പ്ലസ് വണ്‍ പ്രവേശനം: ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ല, മലപ്പുറത്തിന് പ്രത്യേക പരിഗണന നല്‍കും: ഉറപ്പുമായി മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നും മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും വി ശിവന്‍കുട്ടി യോഗ്യതയുള്ള ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളിനും അധിക സീറ്റ് കൂട്ടും. നടപടി കണക്കെടുത്തതിന് ശേഷമെന്നും മന്ത്രി അറിയിച്ചു. ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്ന് ഗുഡ് മോണിങ് ഷോയില്‍ കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മന്ത്രിയുടെ പ്രതികരണം തേടിയതിന് പിന്നാലെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. 16-ാം തിയതി സീറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയ ശേഷം താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
മലബാര്‍ മേഖലയിലേത് ഉള്‍പ്പെടെ സീറ്റ് പ്രശ്‌നം കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്തതായും വി ശിവന്‍കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏകീകൃത സിവില്‍ കോഡ് വിഷയത്തിലെ സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പങ്കെടുക്കണമെന്ന് ലീഗിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.