കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പർ ഒട്ടിച്ചതിന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴയിട്ടത്.
നേരത്തെ, കെഎസ്ഇബി-എംവിഡി പോര് ചര്‍ച്ചയായിരുന്നു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതാണ് ചര്‍ച്ചയായത്. കൽപ്പറ്റയ്ക്കും കാസർകോട് കറന്തക്കാടിനും പിന്നാലെ മട്ടന്നൂരിലെ ആർടി ഓഫീസിലേയും ഫ്യൂസ് കെഎസ്ഇബി ഊരി.
വയനാട്ടിൽ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് ആർടിഒ പിഴയിട്ടതായിരുന്നു കെഎസ്ഇബി-എംവിഡി പോരിന്‍റെ തുടക്കം. പിന്നാലെ കുടിശ്ശികയുള്ള എംവിഡി ഓഫീസുകൾ തേടുകയാണ് കെഎസ്ഇബി. കൽപ്പറ്റയിലെ ആർടി ഓഫീസിലെ ഫ്യൂസൂരിയതിന് പിന്നാലെ കാസർകോട് കറന്തക്കാട്ടെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കുളള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. കുടിശ്ശിക പണം സർക്കാർ ഉത്തരവായി വരും വരെ ആർടിഒ ഓഫീസിൽ പണി പലതും നടക്കാത്ത സ്ഥിതിയാണ് ഉള്ളത്.