Thursday, January 23, 2025
World

ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം

ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ചൈനയി ആയിരത്തിലധികമാളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം പിടിപെട്ടതായി റിപോര്‍ട്ട്. മൃഗങ്ങള്‍ക്കുവേണ്ടി വാക്‌സിന്‍ നിര്‍മിക്കുന്നതിനിടെയാണ് പ്ലാന്റില്‍നിന്ന് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ പ്ലാന്റില്‍ കാലാവധി കഴിഞ്ഞ അണുനാശിനികള്‍ ബ്രൂസല്ല വാക്‌സിന്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി ലാന്‍ഷോ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ബ്രൂസല്ല ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ബ്രൂസല്ലോസിസ്.

 

ലാന്‍ഷോ നഗരത്തില്‍ ഇതുവരെ 3,245 പേര്‍ക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗബാധയുള്ള മൃഗങ്ങളുമായോ മൃഗങ്ങളുടെ ഉല്‍പന്നങ്ങളുമായോ അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കാണ് രോഗബാധയുണ്ടാവുന്നത്. ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യഘട്ടം 1,401 പേര്‍ക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ 200 ഓളം പേര്‍ക്കും രോഗം കണ്ടെത്തി. ലാന്‍ഷോ സര്‍വകലാശാലയിലെ 20ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

 

സാധാരണയായി മൃഗങ്ങളില്‍നിന്നാണ് ബ്രൂസല്ലോസിസ് പകരുകയെന്ന് ലാന്‍ഷോയിലെ ആരോഗ്യകമ്മീഷന്‍ അറിയിച്ചു. ആട്, പന്നി, കന്നുകാലികള്‍ തുടങ്ങിയവ രോഗവാഹകരാവാം. രോഗബാധിതര്‍ക്ക് പനി, സന്ധിവേദന, തലവേദന തുടങ്ങിയവയുണ്ടാവും. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ബ്രൂസല്ലോസിസ് പടരുന്നത് വളരെ അപൂര്‍വമായി മാത്രമാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *