Tuesday, April 15, 2025
Kerala

എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍: കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടെന്നും പ്രതിപക്ഷനേതാവിന് എതിരെ വിജിലന്‍സ് കേസുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ തട്ടിപ്പ് കേസ് പ്രതിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അക്രമവും അരാജകത്വവും തീവെട്ടി കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കേരളത്തെ ദാരുണമായ അസ്ഥയിലേക്ക് പിണറായി സര്‍ക്കാര്‍ തള്ളി വിട്ടുവെന്നാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. വ്യാജന്മാരുടെ കേന്ദ്രങ്ങളായി സര്‍വകലാശാലകളെ എസ് എഫ് ഐ യും സി പി ഐ എമ്മും മാറ്റി. സംസ്ഥാനം കടുത്ത കടക്കെണിയിലാണ്. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നും കെ സുരേന്ദ്രന്‍ ആഞ്ഞടിച്ചു.

കുമരകത്തെ ബസ് ഉടമയുടെ ജീവിതം തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വട്ടിപ്പലിശ എടുത്ത് സംരഭം തുടങ്ങുന്നവരെ സിഐടിയു കൊടികുത്തി ഇല്ലാതാക്കുന്നു. ഒരു വശത്ത് പൊലീസ് അതിക്രമവും മറു വശത്ത് പാര്‍ട്ടിക്കാരുടെ അതിക്രമവുമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ 25 കൊല്ലം കഴിയുമ്പോഴും വരവേല്‍പ്പ് സിനിമയുടെ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളത്. സംരംഭകരെ സംരക്ഷിക്കാന്‍ ബിജെപി നേരിട്ടിറങ്ങുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *