‘തെറ്റുകാരെ സംരക്ഷിക്കില്ല, വിദ്യക്ക് എസ്എഫ്ഐ സഹായം ഉണ്ടായിട്ടില്ല’; പിഎം ആർഷോ
വ്യാജരേഖ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കെ. വിദ്യക്ക് എസ്എഫ്ഐ സഹായം നൽകിയിട്ടില്ലെന്ന് പിഎം ആർഷോ. വിദ്യ നൽകിയെന്ന് പറയുന്ന മൊഴി കണ്ടിട്ടില്ല. കാട്ടാക്കടയിലേയും കായംകുളത്തേയും സംഭവങ്ങൾ ഗൗരവത്തോടെ കണ്ട് തിരുത്തി. സംഘടന തെറ്റുകാരെ സംരക്ഷിക്കില്ല. പോരായ്മകൾ സംഭവിച്ചാൽ കണ്ടെത്തി തിരുത്തും. അല്ലാതെ, തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്ഐക്കില്ല എന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന കേസിലെ അന്വേഷണം തൃപ്തികരമെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണത്തിൽ ആക്ഷേപങ്ങളില്ല. മാധ്യമങ്ങൾക്ക് നേരെയുള്ള എസ്എഫ്ഐയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ തിരുത്തും എന്ന വിശ്വാസമുണ്ട്.
എസ്എഫ്ഐയെ ആക്രമിക്കുന്നത് മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെ ചെയ്തികളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ,മുൻകാല കെഎസ്‌യു പ്രവർത്തകർ ചെയ്യുന്ന തെറ്റുകൾ മാധ്യമങ്ങൾ കാണുന്നില്ല എന്നും ആർഷോ പറഞ്ഞു. എംഎസ്എഫ് പ്രവർത്തകരെ വിലങ്ങുവെച്ച സംഭവത്തിൽ സമരപരിപാടികളുമായി ബന്ധപ്പെട്ട സ്വാഭാവിക പോലീസ് നടപടി മാത്രമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.