‘വിജിലന്‍സ് അന്വേഷണവും തുടങ്ങി, ഭാര്യയുടെ ശമ്പള വിവരങ്ങളും തേടി’; ഏത് അന്വേഷണത്തെ നേരിടാനും തയാറെന്ന് കെ സുധാകരന്‍
കേരള പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിച്ചതായി സുധാകരന്‍ പറഞ്ഞു. ഭാര്യയുടെ ശമ്പള വിവരങ്ങള്‍ ഉള്‍പ്പെടെ തേടി അവര്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വിജിലന്‍സ് നോട്ടീസ് അയച്ചു. ഏത് തരം അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എം വി ഗോവിന്ദനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കാണുമെന്നും തനിക്കെതിരായ കേസ് സംബന്ധിച്ച വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണെന്നാണ് കെ സുധാകരന്‍ പറയുന്നത്. അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ട്. തന്റെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ധരിപ്പിക്കും. എം വി ഗോവിന്ദനെതിരായി നിയമനടപടി എന്ന തീരുമാനത്തില്‍ മാറ്റമില്ല. തനിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചുകഴിഞ്ഞാല്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ അത് ചോദ്യം ചെയ്യുക എന്നത് തന്റെ ധര്‍മമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.