‘എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകും’; പോക്‌സോ കേസ് പരാമർശത്തിൽ കെ സുധാകരൻ
മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കെ സുധാകരൻ എംപി. എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ്. മോൻസൺ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നത്. ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ചായിരുന്നു പരാമർശം.
എം.വി ഗോവിന്ദനും സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കുമെതിരെ രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കും. സാമ്പത്തിക തട്ടിപ്പ് കേസ് നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. നേരത്തെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ദേശാഭിമാനി പത്രം ഉദ്ധരിച്ചു കൊണ്ട് എം.വി ഗോവിന്ദൻ സുധാകരനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ സുധാകരന്റെ തീരുമാനം. പോക്‌സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ആരോപണം പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.