Thursday, January 9, 2025
Kerala

ജലസംഭരണികളിൽ ജലനിരപ്പ് താഴുന്നു: ആശങ്കയിൽ വൈദ്യുതി ബോർഡ്

സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറയുന്നു. തൽഫലമായി, ജലവൈദ്യുത ഉത്പാദനം വെട്ടിക്കുറച്ചു. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ വൈദ്യുതി ബോർഡ് ആശങ്കയിലാണ്.

വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സംഭരണികളില്‍ ജലനിരപ്പ് താഴുന്നു. എല്ലാ സംഭരണികളിലുമായി ആകെയുള്ളത് 15 ശതമാനം വെള്ളം മാത്രമാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ 14 ശതമാനം വെള്ളം മാത്രമാണുള്ളത്. സംഭണികളിലേക്കുള്ള നീരൊഴിക്കിലും വലിയ കുറവാണുള്ളത്. ശരാശരി നീരൊഴുക്ക് 2.67 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്.

സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം കുറച്ചു. കഴിഞ്ഞ ദിവസം ഉല്‍പ്പാദിപ്പിച്ചത് 9.04 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ശരാശരി 17 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചിരുന്നിടത്താണ് ഈ കുറവ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലം സംഭണികളിലെത്തുന്നത്. എന്നാല്‍ ഇത്തവണ മഴയിലെ കുറവും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തതും പ്രതിസന്ധിക്ക് ഇടയാക്കി.

മഴ ലഭിക്കുമ്പോഴുള്ള ജലം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മഴ കൂടുതല്‍ ലഭിക്കുന്ന സമയത്ത് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിച്ച് അന്യ സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാറുമുണ്ട്. എന്നാല്‍ ജലനിരപ്പ് കുറഞ്ഞതോടെ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് ബോര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *