ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കി; അച്ഛന് 90 വർഷം കഠിനതടവ്
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്.
അതേസമയം, പത്തനംതിട്ട തട്ടയിൽ ഓടുന്ന ബസിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ അടൂർ പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലാണ് സംഭവം നടന്നത്. പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരനെ ഒപ്പമിരുന്ന് യാത്ര ചെയ്തയാൾ ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സർക്കാർ ജീവനക്കാരനായ അടൂർ സ്വദേശിക്കെതിരെ കൊടുമൺ പൊലീസ് പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.