Thursday, April 24, 2025
Kerala

എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി: എംഎസ്എം കോളേജ് പ്രതിക്കൂട്ടിൽ, വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം

ആലപ്പുഴ: കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. നിഖിലിന്റെ വിവരങ്ങൾ കോളേജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നും ആർടിഐ വഴി ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ലെന്നുമാണ് കെഎസ്‍യുവിന്റെയും എംഎസ്എഫിന്റെയും ആരോപണം.

നിഖിൽ തോമസ് എംകോമിന് ചേർന്ന്ത് മാനേജ്മെന്റ് സീറ്റിലാണെന്നും ഇവർ പറയുന്നു. കോളേജിൽ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്മെന്റ് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം ആദ്യമാണ് നിഖിൽ തോമസിന്റെ ബിരുദ വിവരങ്ങൾ തേടി കോളേജിലെ എംഎസ്എഫും കെഎസ്‌യുവും വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞാണ് ആദ്യത്തെ അപേക്ഷ തള്ളിയത്.

പിന്നാലെ വീണ്ടും അപേക്ഷ നൽകിയപ്പോൾ നിഖിൽ തോമസിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ ഇതും നിഷേധിക്കുകയായിരുന്നു. ഇതെ കോളേജിലാണ് 2017 -20 ൽ നിഖിൽ ബികോം പഠിച്ചത്. 2019 ൽ കോളേജിലെ യുയുസിയായി വിജയിച്ച നിഖിൽ തോമസ്, പിന്നീട് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

ഇതേ കാലയളവിൽ മറ്റൊരു സർവകലാശാലയുടെ ഡിഗ്രി കൊണ്ടുവന്നിട്ടും ക്രമക്കേട് മാനജ്മെന്റ് അറിഞ്ഞില്ലെന്നതിലാണ് സംശയങ്ങൾ ഉയരുന്നത്. വിദ്യർത്ഥി സംഘടനാ നേതാവ് എന്ന നിലയിൽ കാമ്പസിൽ സുപരിചതനാണ് നിഖിൽ എന്നത് ഈ സംശയം ബലപ്പെടുത്തുന്നു.

ബികോം പഠിച്ച് തോറ്റ കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് നിഖിൽ തോമസിന് ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ്. 2019 മുതൽ കലിംഗ സർവകലാശാലയിൽ പഠിച്ചെന്ന് നിഖിലിന‍്റെ വാദം. എംഎസ്എം കോളേജില്‍ നിഖിലിന‍്റെ ജൂനിയർ വിദ്യാർത്ഥിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ പെൺകുട്ടിയാണ് സംഭവത്തിൽ സിപിഎമ്മിന് പരാതി നൽകിയത്.

താന്‍ 2019 ല്‍ കേരള സർവകലാശാലയിലെ രജിസ്ട്രേഷന് ക്യാന്‍സല് ചെയ്തിരുന്നുവെന്നാണ് നിഖിൽ ആദ്യം ന്യായീകരിച്ചത്. എന്നാൽ 2019 ൽ നിഖിൽ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങില്‍ നിന്ന് നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *