Thursday, January 23, 2025
National

സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് പെൺകുട്ടി മരിച്ചു: നിഷേധിച്ച് അധികൃതർ

തമിഴ്നാട്ടിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു. മധുരയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാൻ നൽകുകയായിരുന്നു. നഴ്‌സുമാർ സ്പിരിറ്റ് അലക്ഷ്യമായി സൂക്ഷിച്ചതാണ് മകളുടെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് അമ്മയുടെ ആരോപണം.

അരിയല്ലൂർ ജില്ലയിലെ വൊഡയാർപാളയം സ്വദേശി ആനന്ദകുമാറിന്റെയും ദീപയുടെയും മകൾ അഗല്യ (9) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് പുതുവൈ, ചെന്നൈ, തഞ്ചൂർ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 30 ന് മധുരൈ സർക്കാർ രാജാജി ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവിടെ രണ്ടുതവണ അഗല്യ ഡയാലിസിസിന് വിധേയയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും ഡയാലിസിസ് നടത്തി. അതിന് ശേഷം പെൺകുട്ടിയുടെ രക്തസമ്മർദ്ദം ഉയരുകയും അഗല്യയ്ക്ക് അപസ്മാരം ഉണ്ടാവുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അമ്മ കട്ടിലിനടിയിലെ സ്പിരിറ്റ് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിക്ക് നൽകുകയായിരുന്നു. വെള്ളമല്ലെന്നറിഞ്ഞ് പെൺകുട്ടി തുപ്പുകയും പിന്നീട് ആരോഗ്യ നില ഗുരുതരമാവുകയും ചെയ്തു. ഉടൻ തന്നെ തീവ്രപരിചരണം നൽകിയെങ്കിലും അഗല്യയെ രക്ഷിക്കാനായില്ല.

എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മരണം സ്പിരിറ്റ് കഴിച്ചതുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മസ്തിഷ്ക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. പെൺകുട്ടി ചെറിയ അളവിൽ മാത്രമേ സ്പിരിറ്റ് കുടിച്ചിട്ടുള്ളൂവെന്നും ഉടൻ തന്നെ അത് തുപ്പിയതായും ആശുപത്രി ഡീൻ പറഞ്ഞു. അതേസമയം കുട്ടിയുടെ മരണത്തിൽ തള്ളകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *