കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി രജീഷ് കർണാടക പൊലീസ് കസ്റ്റഡിയിൽ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജയിലിലെത്തിയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് കസ്റ്റഡി. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്.
കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിർദേശ പ്രകാരമാണെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തിരുക്കുന്നത്.
ടിപി വധക്കേസിലെ പ്രതികൾ ജയിലിൽ കിടന്നും കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങൾ കൊടിസുനി അടക്കമുള്ളവർക്കെതിരെയാണ് ഉയർന്നത്. ഇതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.