Saturday, October 19, 2024
National

ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷൻ ഉടൻ; തെരഞ്ഞെടുപ്പ് അടുത്ത മാസം

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് അടുത്ത മാസം. ജൂലൈ 4നാകും തെരഞ്ഞെടുപ്പ് നടക്കുക. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ്റേതാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷൻ നിർദ്ദേശം നൽകിയിരുന്നു. ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാരിൽ നിന്നോ കൂട്ടാളികളിൽ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്രം ഉറപ്പുകൊടുത്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകിയിട്ടില്ല.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ പൊലീസിന് തെളിവുകൾ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂൺ 15 വരെ സമരം വെച്ചിരുന്നു. ആ കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

ഇതിനിടെ, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ മൊഴി പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മാറ്റിയത് കടുത്ത സമ്മർദം മൂലമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. കേസിൽ വിട്ടുവീഴ്ച ചെയ്യാൻ കടുത്ത സമ്മർദമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പരാതി ഉന്നയിക്കുകയും സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താൻ ബ്രിജ് ഭൂഷണ് ആളുകളുണ്ട്. സമ്മർദത്തിന് വഴങ്ങിയാണ് ആ പെൺകുട്ടി ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിപ്പറഞ്ഞത്. പെൺകുട്ടിയുടെ പിതാവ് കടുന്ന മാനസികസമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.

അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവുമുള്ള ആളാണ് ബ്രിജ് ഭൂഷൺ. ആദ്യദിവസം മുതൽ തന്നെ അയാളെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വിടാനും തങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. അന്വേഷണത്തിനുള്ള സമയപരിധി ജൂൺ 15ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മഹാപഞ്ചായത്തിൽ തീരുമാനിച്ചതായും ഗുസ്തി താരങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published.