“ഹനുമാൻ വാനരനല്ല, ആദിവാസിയാണ്”: മധ്യപ്രദേശ് മുൻ വനം മന്ത്രി
രാമായണത്തിൽ വാനരന്മാരായി ചിത്രീകരിച്ചിരിക്കുന്നവർ യഥാർത്ഥത്തിൽ ആദിവാസികളാണെന്ന് മധ്യപ്രദേശിലെ മുൻ വനം മന്ത്രി ഉമംഗ് സിംഘാർ. ഹനുമാനും ഗോത്രവർഗക്കാരനായിരുന്നു. ഹനുമാൻ്റെ സന്തതികളാണ് ആദിവാസികൾ എന്നത് അഭിമാനത്തോടെ പറയണമെന്നും ധാർ ജില്ലയിലെ ഗന്ധ്‌വാനിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആവശ്യപ്പെട്ടു.
ആദിവാസി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 123-ാം ചരമവാർഷികത്തോടനുബന്ധിച്ച് ധാർ ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനെ ലങ്കയിലേക്ക് കൊണ്ടുപോയത് ആദിവാസികളാണ്. എന്നാൽ വാനര സൈന്യമാണ് രാമനെ ലങ്കയിലേക്ക് എത്തിച്ചതെന്ന് പുരാണങ്ങളിൽ പറയുന്നു. ആ കാലത്ത് വാനരന്മാർ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വനത്തിൽ താമസിച്ചിരുന്ന ആദിവാസികളായിരുന്നു അത്. ഹനുമാനും ആദിവാസിയായിരുന്നു. ഹനുമാൻ്റെ സന്തതികളാണ് ആദിവാസികൾ എന്നതിൽ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവർഗക്കാർ ചരിത്രം സൃഷ്ടിക്കുമ്പോൾ ലോകത്ത് രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും കഥയാണ് എഴുതപ്പെടുന്നതെന്ന് കോൺഗ്രസ് എംഎൽഎ കുറ്റപ്പെടുത്തി. ആദിവാസികളെ അപമാനിക്കാനാണ് ബിജെപിയുടെ ആളുകൾ എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുൻ വനം മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. “അവർ ഹനുമാനെ ദൈവമായി കണക്കാക്കുന്നില്ല! ഹനുമാനെ അപമാനിക്കുന്നു!” – ബിജെപി വക്താവ് ഹിതേഷ് ബാജ്പേയ് ട്വീറ്റ് ചെയ്തു.