Friday, January 10, 2025
Kerala

വി.ഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലേക്ക്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലേക്ക്. കോൺഗ്രസ് പുനസംഘന പ്രശ്‌നത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സൗകര്യാർത്ഥം നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ അർഹമായ പ്രതിനിധ്യമില്ലെന്നറിയിച്ച് ദളിത് നേതാക്കളും ഖാർഗെയ്ക്ക് പരാതി നൽകും.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരുടെ ലിസ്റ്റിൽ ഗ്രൂപ്പുകളെ വെട്ടിനിരത്തിയത് പ്രതിപക്ഷനേതാവാണെന്നാരോപിച്ചാണ് നേതാക്കളുടെ സംയുക്തനീക്കം. മുതിർന്ന നേതാക്കളെ സതീശൻ അവഗണിക്കുന്നുവെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. പ്രശ്‌നത്തിൽ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ നേതൃത്വത്തിനൊപ്പം നിന്നതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.

എംഎം ഹസൻ, രമേശ് ചെന്നിത്തല, കെ സി ജോസഫ്, എം കെ രാഘവൻ തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സതീശൻറെ നീക്കങ്ങൾക്ക് തടയിടാനും ഡൽഹിയിൽ ഹൈക്കമാൻഡിനെ കണ്ട് പരാതി അറിയിക്കാനും തീരുമാനമായിരുന്നു. എന്നാൽ പുനസംഘടനയിൽ മതിയായ ചർച്ച നടത്തിയിട്ടില്ലെന്ന പരാതി തള്ളിയ കെ സുധാകരൻ പ്രതിപക്ഷ നേതാവിനെ പിന്തുണച്ചു. തുടർന്ന് സുധാകരൻ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *