Friday, April 18, 2025
National

ഒഡിഷ ട്രെയിന്‍ ദുരന്തം: അന്വേഷണം സിഗ്നലിംഗ് പിഴവ് കേന്ദ്രീകരിച്ച്

288ലധികം പേരുടെ ജീവന്‍ കവര്‍ന്ന ഒഡിഷ ട്രെയിന്‍ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. സിഗ്നലിംഗ് പിഴവ് അപകടത്തിന് കാരണമായോ എന്നത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. റെയില്‍വേ ഉന്നതതല അന്വേഷണസംഘം ഒഡിഷയിലെ ബാലസോറിലെ അപകടസ്ഥലത്ത് തുടരുകയാണ്. അപകടത്തെക്കുറിച്ച് എല്ലാ പഴുതുകളും അടച്ചുള്ള കൃത്യമായ അന്വേഷണം നടത്തുമെന്നും അപകടത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും ഇന്നലെ ബാലസോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. ആയിരത്തോളം പേരാണ് അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. തകര്‍ന്ന് കിടക്കുന്ന ബോഗികള്‍ മാറ്റുന്നതിനിടെ വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തുന്ന ദാരുണമായ കാഴ്ചകള്‍ക്കാണ് ഇന്നലെ ഏറെ വൈകിയും ബലാസോര്‍ സാക്ഷ്യം വഹിച്ചത്.

സംഭവസ്ഥലത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി. തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിക്കുന്ന നടപടികള്‍ ആണ് പുരോഗമിക്കുന്നത്.ദുരന്തനിവാരണ പ്രവര്‍ത്തനത്തിനായി തകര്‍ന്ന ബോഗികള്‍ മാറ്റുന്നതിനിടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 56 പേരുടെ നില ഗുരുതരമാണ്. മരിച്ച ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *