Thursday, January 23, 2025
National

ദുരന്ത ഭൂമിയായി ഒഡിഷ; 233 മരണം സ്ഥിരീകരിച്ചു, 900ലേറെ പേർക്ക് പരുക്ക്

ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 233 ആയി. 900ലേറെ പേർക്കാണ് പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി. ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തിൽ താൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നിൽക്കുന്നെന്ന് വ്യക്തമാക്കി.

കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായി അറിയിച്ച പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *