Saturday, October 19, 2024
Kerala

ഇത് സമരാഭാസമാണ്; രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടലും നടക്കുന്നു: മുഖ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വലിയ തോതിൽ ഉണ്ടാകുന്നുണ്ട്. രോഗം പടർത്താനുള്ള വഴികൾ തുറക്കുന്നുണ്ട്. നേരിട്ടുള്ള ശ്രമം നടക്കുന്നു.

കൊവിഡിന്റെ പ്രത്യേക മാനദണ്ഡം സമൂഹത്തിനാകെ അറിയാവുന്നതാണ്. തലസ്ഥാനത്തടക്കം പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം നീക്കം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ സമരമെന്നല്ല വിളിക്കേണ്ടത്. കുറേയാളുകളെ കൂട്ടി അവിടെ വന്നുള്ള പ്രത്യേക സമരാഭാസമാണ് നടന്നത്.

സമരം ഹൈക്കോടതി വിലക്കിയത് ആൾക്കൂട്ടം ഒഴിവാക്കാനാണ്. മാസ്‌ക് ധരിക്കാതെ അകലം പാലിക്കാതെ പൊതുസ്ഥലത്ത് ഇടപെടാൻ ആർക്കും അധികാരമില്ല. പരസ്യമായി ഇതെല്ലാം ലംഘിച്ച് പോലീസിന് നേരെ ചീറിയടുക്കുന്ന കുറേപ്പേരെയാണ് കാണാനായത്. നാടിന്റെ സുരക്ഷയും സമാധാനവുമാണ് ഇവർ നശിപ്പിക്കുന്നത് ഇത് അനുവദിക്കാനാകില്ല

സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പന്താടേണ്ടതല്ല സാധാരണക്കാരന്റെ ജീവിതം. അതിൽ ജനപ്രതിനിധികൾ കൂടിയുണ്ടാകുന്നത് നല്ലതല്ല. ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published.