Friday, January 10, 2025
Kerala

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികയെത്തിക്കണമെന്നാണോ താത്പര്യം? രൂക്ഷ വിമര്‍ശനവുമായി സാബു ജേക്കബിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. തമിഴ്‌നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഹര്‍ജിക്കാരന് പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനമാണ് വാദംകേള്‍ക്കലില്‍ ഉടനീളം നടത്തിയത്. ആന നിലവില്‍ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉള്‍വനത്തിലേക്ക് ആനയെ അയക്കണമെന്നും തമിഴ്‌നാട് പറയുന്നു. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ഈ സ്ഥിതിക്ക് എന്തിന് ആനയെ തിരികെ കൊണ്ട് വരണമെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പന്‍ ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. മാത്രമല്ല സര്‍ക്കാര്‍ കടബാധ്യതയിലുമാണ്. ഇനി തമിഴ്‌നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചിലവും സാബു വഹിക്കുമോയെന്നും കോടതി പരിഹസിച്ചു.

ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണെന്നും ആ ഉത്തരവാദിത്തം കാണിക്കണമെന്നും വിമര്‍ശിച്ച കോടതി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യമെന്നും ചോദ്യമുയര്‍ത്തി. തമിഴ്‌നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *