‘മോദി ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നു ‘;രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. മോദി ശാസ്ത്രജ്ഞൻമാരെ വരെ ഉപദേശിക്കുന്നു ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് വിമർശനം.
എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും രാഹുൽഗാന്ധി പരിഹസിച്ചു.
ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്കരിച്ചിട്ടില്ല. എൻആർഐക്കാർ ഇന്ത്യയുടെ അംബാസിഡർമാരാണ്. വനിത സംവരണ ബിൽ കോൺഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങൾ വെറുപ്പിൽ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നിൽ.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ബിൽ പാസാക്കും. ഭരണഘടനയിൽ ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.