Thursday, January 9, 2025
National

ഗുസ്തി താരങ്ങളുടെ സമരം; കർഷകരിറങ്ങുന്നു, രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് സംയുക്ത കിസാൻ സഭ

ഗുസ്തി താരങ്ങളുടെ സമരത്തിൽ കർഷകർ ഇടപെടുന്നു. സംയുക്ത കിസാൻ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂൺ 5ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ജൂൺ 1ന് ജില്ല താലൂക് തലങ്ങളിൽ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകൾ, മഹിളാ – യുവജന – വിദ്യാർത്ഥി സംഘടഭകളെ പ്രതിഷേധത്തിന്റെ ഭാഗമാക്കും.

തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്ത സാഹചര്യത്തിൽ, സമരവേദി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്.

മഹിള മഹാ പഞ്ചായത്തിന് ശേഷം സമരസമിതി യോഗം ചേരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ഡൽഹിയിൽ പ്രതിഷേധിച്ച മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്തിനാൽ ഇതുവരെ യോഗം ചേരാൻ കഴിഞ്ഞില്ലെന്ന് താരങ്ങൾ അറിയിച്ചു. ഭൂരിഭാഗം പേരെയും അർദ്ധ രാത്രിയോടെയാണ് പൊലീസ് വിട്ടയച്ചത്. തുടർ സമര സംബന്ധിച്ച് പ്രാഥമിക തീരുമാനം ഗുസ്തി താരങ്ങളുടേതാകും. അതിനുശേഷം കാപ്പ പഞ്ചായത്ത് നേതാക്കളും കർഷകരും അടങ്ങുന്ന സമരസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ജന്തർ മന്ദറിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സമരം ഡൽഹി അതിർത്തികളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് സംഘർഷം. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാർച്ച്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലം പ്രയോഗിച്ചു. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും തള്ളുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു.

പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കലാപ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *