Thursday, January 9, 2025
National

മഹാരാഷ്ട്രയിലെ ഏക കോൺഗ്രസ് എംപി അന്തരിച്ചു

മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ (48) അന്തരിച്ചു. ഡൽഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായിരുന്നു ധനോർക്കർ.

കിഡ്നി സ്റ്റോൺ പ്രശ്‌നത്തെ തുടർന്നാണ് ബാലു ധനോർക്കറെ കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തരോട്ട് പറഞ്ഞു. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 48 കാരനായ ബാലു ധനോർക്കറിന് ഭാര്യ പ്രതിഭ ധനോർക്കറും രണ്ട് ആൺമക്കളും ഉണ്ട്. പ്രതിഭ ധനോർക്കർ എംഎൽഎ കൂടിയാണ്.

ബാലു ധനോർക്കർ ബാലസാഹേബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച്, 2014 ൽ ചന്ദ്രപൂർ ജില്ലയിൽ നിന്ന് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ധനോർക്കർ ചന്ദ്രപൂർ സീറ്റിൽ നിന്ന് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടി ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്നു.

ധനോർക്കർ കോൺഗ്രസിൽ ചേർന്ന് ചന്ദ്രപൂർ ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹൻസ്‌രാജ് അഹിറിനെ പരാജയപ്പെടുത്തി. 2019ൽ ബാലു ധനോർക്കറുടെ ഭാര്യ പ്രതിഭ ധനോർക്കർ വോറ ഭദ്രാവതി നിയമസഭാ സീറ്റിൽ മത്സരിച്ച് എംഎൽഎയായി.

Leave a Reply

Your email address will not be published. Required fields are marked *