താലികെട്ടിന് തൊട്ട് മുമ്പ് വധു ഒളിച്ചോടി, യുവതിയുടെ വീട്ടിൽ 13 ദിവസം കാത്തിരുന്ന് വരൻ; വധു മടങ്ങിവത്തോടെ ഒടുവിൽ വിവാഹം
പോളിഗമി, സോളോഗമി, സ്വവർഗ്ഗ വിവാഹം തുടങ്ങി വിവാഹത്തില്‍ പുതിയ തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്ന കാലമാണിത്. ഒരാള്‍ക്ക് ഒന്നിലധികം പങ്കാളികളുണ്ടാകുന്നതും ഒരാള്‍ സ്വയം വിവാഹം കഴിക്കുന്നതുമെല്ലാം ഇപ്പോള്‍ സാധാരണ കാര്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനോട് കൂട്ടിച്ചേർക്കാവുന്ന മറ്റൊരു സംഭവമാണ് നിശ്ചയിച്ച വിവാഹം മുടങ്ങുന്നത്. കല്യാണത്തിന്റെ തലേന്ന് വരനോ വധുവോ ഓടിപ്പോകുന്നതും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്.
താലികെട്ടിന് തൊട്ട് മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ വധുവിനെ കാത്ത് പെൺകുട്ടിയുടെ വീട്ടിൽ ദിവസങ്ങളോളം കാത്തിരിക്കുന്ന വരനെ കണ്ടിട്ടുണ്ടോ? എന്നാൽ ഇത്തരമാമൊരു അസാധാരണ സംഭവമാണ് രാജസ്ഥാനിലെ സൈന ഗ്രാമത്തിൽ നിന്നും പുറത്തുവരുന്നത്. മെയ് മൂന്നിന് രാവിലെ വരൻ യുവതിയുടെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് സംഭവം. എല്ലാ ചടങ്ങുകളും പൂർത്തിയായെങ്കിലും താലികെട്ടിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് വധു മനീഷ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് വീടിന് പിന്നിലേക്ക് പോയി. വയറുവേദനയും ഛർദിയും ഉണ്ടെന്ന് പറഞ്ഞായിരുന്നു മനീഷ വീടിന് സമീപത്തെ ടാങ്കിന് പിന്നിലേക്ക് പോയത്.
ഏറെ നേരം കഴിഞ്ഞിട്ടും ചടങ്ങിന് എത്താതിരുന്നതിനെ തുടർന്ന് മനീഷക്കായി വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നീടാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയ വിവരം വീട്ടുകാർ അറിഞ്ഞത്. വിവരമറിഞ്ഞ വരൻ വധു മടങ്ങിവരുന്നതുവരെ മനീഷയുടെ വീട്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 13 ദിവസം വരൻ മനീഷയുടെ വീട്ടിൽ കഴിഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് മെയ് 15ന് യുവതിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. പിന്നാലെ യുവതി ഇയാളെ കല്യാണം കഴിക്കുകയും ചെയ്തു.