കാട്ടാക്കട കോളജിലെ ആൾമാറാട്ടം; എസ്.എഫ്.ഐ നേതാവിനും പ്രിൻസിപ്പലിനുമെതിരെ പരാതി നൽകി സർവകലാശാല
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് സർവകലാശാല പരാതി നൽകി. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനപ്രകാരമാണ് രജിസ്ട്രാർ പരാതി നൽകിയത്. എസ്.എഫ്.ഐ നേതാവ് എ. വിശാഖ്, കോളജ് പ്രിൻസിപ്പൽ ജി.ജെ ഷൈജു എന്നിവർക്കെതിരെയാണ് പരാതി. ഇരുവരും ആസൂത്രിത നീക്കം നടത്തിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി.ജെ ഷൈജുവിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇക്കാര്യം മാനേജ്മെന്റിനോട് കേരള സർവകലാശാല ആവശ്യപ്പെടും. അല്ലാത്ത പക്ഷം, കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കുന്നത് ഉൾപ്പെടെ പരിഗണിക്കുകയും ക്രിമിനൽ കേസ് എടുക്കാൻ പൊലീസിൽ പരാതി നൽകും ചെയ്യുമെന്നാണ് സിൻഡിക്കേറ്റിൻ്റേ നിലപാട്.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷൈജുവിന്റെ താത്കാലിക പ്രിൻസിപ്പൽ പദവി പിൻവലിച്ചതായി കേരള സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ പ്രിൻസിപ്പൽ ചെയ്ത പ്രവർത്തികൾ സർവകലാശാലക്ക് അപമാനമായെന്ന് വ്യക്തമാക്കി വി സി അധ്യപകവൃത്തിയിൽ നിന്നും ഷൈജുവിനെ സസ്‌പെന്റ് ചെയ്യാൻ നിർദ്ദേശം നൽകിയാതായി അറിയിച്ചു. അധ്യപകൻ്റെ പ്രവർത്തി കാരണം ഉണ്ടായ നഷ്ടം ഈടാക്കും. വിശാഖിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വി സി വ്യക്തമാക്കി.
ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തുടർന്ന്, തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിലുണ്ടായ നഷ്ടം ഈടാക്കാൻ നടപടി സ്വീകരിക്കുമെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. അടുത്ത അഞ്ചു വർഷത്തേക്ക് സർവകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും ഷൈജുവിനെ മാറ്റി. അടിയന്തിരമായി ഇലക്ഷൻ നടത്താനും തീരുമാനമായി. മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ലിസ്റ്റും പരിശോധിച്ച ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്തുകയുള്ളു സർവകലാശാലയുടെ സൽപ്പേരിന് കളങ്കം ചാർത്തിയ സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യം ഉയർന്നു.