‘ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍ ചില തരികിടകളൊക്കെ കാണിച്ച് എംഎസ്എഫ് ഭരണം പിടിച്ചിട്ടുണ്ട്’; പിപിഎംഎ സലാമിന്റെ പരാമര്‍ശം വിവാദത്തില്‍
വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് ലഭിക്കുമ്പോള്‍ കൃത്രിമം കാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എംഎസ്എഫ് പിടിച്ചെടുക്കാറുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. മലപ്പുറം മൂര്‍ക്കനാട് നടന്ന കുടുംബസംഗമത്തിലാണ് ലീഗ് സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. ഇത്തവണ എംഎസ്എഫിന് മികച്ച വിജയമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സാധാരണ ഗതിയില്‍ യൂണിയന്‍ പിടിച്ചെടുക്കാന്‍ ലീഗ് മന്ത്രിയുള്ളപ്പോള്‍ ചില തരികിടകളൊക്കെ നടത്താറുണ്ടെന്ന് പിഎംഎ സലാം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം തരികിടകളൊക്കെ നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിനെ ഉപയോഗിച്ച് സ്‌കൂള്‍, കോളജ്, സര്‍വകലാശാല ഭരണങ്ങള്‍ തകിടം മറിക്കുകയാണ് ഇടതുസംഘടനകള്‍ ചെയ്യുന്നതെന്ന് പ്രസംഗത്തിലൂടെ പിഎംഎ സലാം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പരാമര്‍ശം വിവാദമാകുകയാണെങ്കിലും വിഷയത്തില്‍ മുസ്ലീം ലീഗിലെ മറ്റ് നേതാക്കളോ എംഎസ്എഫ് നേതാക്കളോ പരസ്യമായി പ്രതികരിച്ചിട്ടില്ല.