Friday, January 10, 2025
National

ഡി കെ ശിവകുമാറിനെ പിന്തുണച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍; ഖര്‍ഗെയ്ക്ക് കത്തയച്ചു

അടുത്ത കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ വരട്ടെയെന്ന് ഹൈക്കമാന്‍ഡ് മനസറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഡി കെ ശിവകുമാറിനെ അനുകൂലിച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍. കന്നഡ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ വിഭാഗങ്ങള്‍ തങ്ങളുടെ പിന്തുണ ഡികെ ശിവകുമാറിനാണെന്ന് കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു. സമുദായ നേതൃത്വങ്ങള്‍ ഡികെ ശിവകുമാറിനെ അനുകൂലിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു. ലിംഗായത്തുകള്‍ സിദ്ധരാമയ്യയ്ക്ക് എതിരാണെന്ന് ഡി കെ ശിവകുമാറും പ്രസ്താവിച്ചിട്ടുണ്ട്. സിദ്ധരാമയ്യയ്ക്ക് ഒരു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചതാണെന്നും ഇനി തന്റെ ഊഴമാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദമില്ലെങ്കില്‍ എംഎല്‍എയായി തുടരുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയാ ഗാന്ധി ഇടപെടുക. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇന്ന് ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ച നടത്തും. ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകളായിരിക്കും ഡല്‍ഹിയില്‍ നടക്കുക.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ആദ്യരണ്ടുവര്‍ഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ ഉറപ്പോടെ ഡി.കെ.ശിവകുമാര്‍ നിലപാട് മയപ്പെടുത്തും എന്നാണ് മറ്റ് നേതാക്കളുടെ വിശ്വാസം. കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷന്‍കൂടിയായ ഡി.കെ.ശിവകുമാര്‍ ഇപ്പോഴും മുഖ്യമന്ത്രിപദവി ആവശ്യത്തില്‍നിന്ന് പിന്നാട്ടുപോകാന്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *