തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 21 ആയി
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 21 ആയി. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും മരിച്ചു. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്. വിഴിപ്പുരത്ത് ശരവണൻ എന്നയാൾ മരിച്ചു. മദ്യ ദുരന്തത്തിൽ 36 പേർ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്തു. 2461 പേർ അറസ്റ്റിലായിട്ടുണ്ട്. 21,611 ലീറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി.
വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിനാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മരക്കാനം ഇൻസ്‌പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്‌പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.