Thursday, January 9, 2025
National

തമിഴ്നാട് വ്യാജമദ്യം ദുരന്തം: മരണം 13 ആയി, 9 പേർ അറസ്റ്റിൽ; പൊലീസുകാർക്കെതിരെ നടപടി

തമിഴ്‌നാട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം പതിമൂന്നായി. ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിൽ വ്യാജമദ്യ ദുരന്തമുണ്ടായത്. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരും വ്യാജമദ്യം കഴിച്ച് മരിച്ചു. 35 ഓളം പേർ ചികിത്സയിലാണെന്നും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് ഐ.ജി എൻ കണ്ണൻ അറിയിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിഷമദ്യം കഴിച്ചാണ് ഇവർ മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരക്കാനം ഇൻസ്പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *