കേരളത്തെ കേന്ദ്രം സഹായിക്കുന്നില്ല, എങ്ങനെ വിഷമിപ്പിക്കാമെന്ന് നോക്കുന്നു: മുഖ്യമന്ത്രി
പാലക്കാട്: ദുരന്തകാലത്ത് കേന്ദ്ര സർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാർ. കേരളത്തെ ഈ ഘട്ടങ്ങളിലൊന്നും സഹായിചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തു. കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. പാലക്കാട് എൽഡിഎഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നീട് ഒറ്റപ്പാലം മണ്ഡലത്തിൽ നടന്ന എൽഡിഎഫ് റാലിയിലും കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി ആരോപണം ശക്തമാക്കി. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാനത്തിന് അർഹമായ സഹായം കേന്ദ്രം നൽകുന്നില്ലെന്ന് പറഞ്ഞു. പല കാര്യത്തിലും സംസ്ഥാനത്തോട് അവഗണനയും ഉപദ്രവവുമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ ജനസംഖ്യക്ക് അനുപാതമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും പറഞ്ഞു.
സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് മുകളിൽ കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് സംസ്ഥാന വികസനത്തെ ബാധിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കൊടുക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് പണം കടമെടുക്കുന്നുണ്ട്. ഇതും സംസ്ഥാനത്തിന്റെ കടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഉന്നത വിദ്യഭ്യാസത്തിനായി മറുനാട്ടിൽ പോകുന്ന പലരും മികവിന്റെ കേന്ദ്രങ്ങൾ തേടിയാണ് പോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവുകൾ പരിഹരിക്കാതെ നമുക്ക് നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.