Thursday, January 9, 2025
National

കർണാടകയിൽ ബിജെപിക്ക് വന്‍ തിരിച്ചടി; വീരശൈവ ലിംഗായത്ത് വിഭാഗം കോൺഗ്രസിനൊപ്പം

കർണാടകയിൽ ബിജെപിക്ക് വന്‍ തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം കോൺഗ്രസിനൊപ്പം ചേർന്നു. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് ലിംഗായത്തുകള്‍. ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സാവഡി തുടങ്ങിയ ലിംഗായത്ത് നേതാക്കൾ അടുത്തിടെ ബിജെപി വിട്ടിരുന്നു.

അതേസമയം കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്നും തുടരും. ബംഗളൂരു നഗരത്തിലെ തിപ്പസ്സാന്ദ്ര മുതൽ എംജി റോഡ് വരെയാണ് ഇന്നത്തെ റോഡ് ഷോ. ഇന്നലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

മോദി പ്രഭാവത്തിലൂടെ നഗരമണ്ഡലങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടൽ. ഉച്ചയ്ക്ക് ശിവമോഗയിലും പ്രധാനമന്ത്രി റോഡ് ഷോ നടത്തും. ഇന്ന് വൈകിട്ട് നഞ്ചൻകോട് മണ്ഡലത്തിലും പ്രധാനമന്ത്രിയുടെ പരിപാടിയുണ്ട്. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അമിത് ഷാ ഉൾപ്പെടെ കേന്ദ്രമന്ത്രിമാരുടെ പട തന്നെ ബിജെപിക്കായി ഇന്ന് രംഗത്തിറങ്ങുന്നുണ്ട്.

കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് പ്രചാരണ രംഗത്ത് സജീവമാണ്. അതേസമയം, ബിജെപിക്കെതിരായ ‘കമ്മീഷൻ സർക്കാർ’ ആരോപണത്തിൽ ഇന്ന് 7 മണിക്കകം തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് തെളിവ് നൽകണം.

Leave a Reply

Your email address will not be published. Required fields are marked *