Wednesday, April 16, 2025
National

അനുമതിയില്ലാതെ മാങ്ങ പറിച്ചു; യുവാവിനെ അയൽവാസിയും കൂട്ടുകാരും തല്ലിക്കൊന്നു, കൊലക്കുറ്റം, കേസ്

ജയ്പൂർ: അനുമതിയില്ലാതെ വയലിൽ നിന്ന് മാമ്പഴം പറിച്ചെന്നാരോപിച്ച് രാജസ്ഥാനിൽ യുവാവിനെ അയൽവാസിയും കൂട്ടുകാരും ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. കോട്ട ജില്ലയിലെ സാങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായി കൊലപാതകം നടന്നത്. റോളാന ഗ്രാമത്തിലെ സൂരജ് കരൺ മീണ എന്ന 36 കാരനാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

സൂരജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസിയായ മഹാവീർ അടക്കം നാല് പേർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. മഹാവീർ വടികൊണ്ട് സൂരജിന്‍റെ തലയ്ക്കടിച്ചതാണ് മരണമകാരണമെന്നാണ് ദൃക്സാക്ഷികള്‍ ആരോപിച്ചു. കോട്ട ജില്ലയിലെ വിനോദ് കലാൻ ഗ്രാമത്തിൽ താമസിക്കുന്ന സൂരജ് കരൺ മീണ നന്ദലാൽ ബൈർവ എന്നായളുടെ ഉടമസ്ഥതയിലുള്ള വയലിലെ മാവിൽ നിന്നും മാങ്ങ പറിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മാങ്ങ പറിച്ചതിനെ ചൊല്ലി ബെർവ സൂരജുമായി വഴക്കിട്ടു. അയൽവാസികളായ രണ്ട് പേരും ഇയാളുടെ കൂടെ ഉണ്ടായിരുന്നു.

വഴക്കിനിടെ സൂരജിന്‍റെ അയൽവാസിയായ മഹാവീർ വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ സൂരജിനെ സംഘം ബൈക്കിലിരുത്തി മറ്റൊരു സ്ഥലത്തെത്തിച്ചും ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ അവശനായ ഇയാളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സൂരജ് കരൺ മീണയെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം, കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുന്നത്.

സൂരജിന്‍റെ മരണത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് സങ്കോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബജ്‌രംഗ് ലാൽ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തനാക്കാനാവൂ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കേസെടുത്തതിന് പിന്നാലെ മുങ്ങിയ പ്രതികള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *