സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർക്ക് ജാമ്യം
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം. മൂന്നാം പ്രതിയായ ശബരി എസ്. നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമാണ് ഗിരികുമാർ. ആശ്രമം കത്തിക്കാനുള്ള ഗൂഡാലോചനയിൽ ബിജെപി നേതാവായ ഗിരിക്ക് മുഖ്യപങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇയാളാണ് തീവെപ്പ് ആസൂത്രണം ചെയ്തത്. ബൈക്കിലെത്തി തീകൊളുത്തിയ സംഘത്തിലെ രണ്ടാമനാണ് പ്രതി ശബരി.
ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുൻപ് പ്രകാശ് സഹോദരനോട് പറഞ്ഞിരുന്നു. ഈ വിവരം പിന്തുർന്നാണ് അഞ്ചു വർഷം തെളിയപ്പെടാതെ കിടന്ന കേസിൽ ക്രൈം ബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.