ഖാർഗെയെ കൊല്ലാൻ ബിജെപി ഗൂഢാലോചനയെന്ന് കോൺഗ്രസ്
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല എംപി ആരോപിച്ചു.
ശനിയാഴ്ച ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു ഓഡിയോ ക്ലിപ്പ് സുർജേവാല പുറത്തുവിട്ടു. ഖാർഗെയെയും കുടുംബത്തെയും ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ക്ലിപ്പ് പറയുന്നത്. ഈ ശബ്ദ സന്ദേശം കർണാടകയിലെ ചിറ്റാപ്പൂരിലെ ബിജെപി സ്ഥാനാർത്ഥി മണികാന്ത് റാത്തോറിന്റേതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി ബൊമ്മായിയുടെയും പ്രിയപ്പെട്ടവൻ കൂടിയാണ് മണികാന്ത് റാത്തോഡെന്ന് സുർജേവാല പറഞ്ഞു. പ്രധാനമന്ത്രിയും കർണാടക പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും മൗനം പാലിക്കുകയാണ്. എന്നാൽ കർണാടകയിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്നും സുർജേവാല പറഞ്ഞു.