മണിപ്പൂരിൽ സംഘർഷം: കേന്ദ്രസർക്കാരിന്റെ അടിയന്തിര സഹായം തേടി ബോക്സിംഗ് ഇതിഹാസം എംസി മേരികോം
മണിപ്പൂരിലെ സംഘർഷത്തിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടി ബോക്സിംഗ് താരം എംസി മേരികോം. സംസ്ഥാനം കത്തിക്കൊണ്ടിരിക്കുന്നതായും അടിയന്തരമായി ഇടപടെണമെന്നും മേരികോമിന്റെ ട്വീറ്റ്. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അസം റൈഫിൾസിന്റെ കൂടുതൽ ഉദ്യോഗസ്ഥരെ സംഘർഷമേഖലയിലേക്ക് അയച്ചു. സംസ്ഥാനത്തെ ഇൻറർനെറ്റ് നിരോധനം നീട്ടി.
‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നാണ് ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത ട്വീറ്റ് ഇതിനകം നിരവധിപേർ പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകുന്നതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മേഖലകളിൽ സൈന്യത്തെ കൂടാതെ അസം റൈഫിൾസിനെയും വിന്യസിച്ചു. അക്രമ ബാധിത സ്ഥലങ്ങളിൽ നിന്ന് ഇതുവരെ നാലായിരത്തോളം പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. സൈനിക ക്യാമ്പിലേക്കും സർക്കാർ ഓഫീസിലേക്കുമാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, തൗബൽ, അടക്കം 8 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയർത്തിയത്.
വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ വിലക്കി. ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ ചുരാചന്ദ്പൂരിലെ തോർബങ്ങിൽ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.