Wednesday, April 16, 2025
Kerala

എറണാകുളത്തെ കഞ്ചാവ് വേട്ട; പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ്ഐ അറസ്റ്റിൽ

എറണാകുളം ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് അറസ്റ്റ്.

ആലുവയിൽ കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായത്. ആലുവ സ്വദേശികൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ പൊലീസിൽ മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയുടെ മകൻ നവീന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്ന് പോലീസ് കണ്ടെത്തിയത്.

പോലീസ് കണ്ടെത്തലിന് പിന്നാലെ നവീനെ പിതാവായ ഗ്രേഡ് SI സാജൻ ഇടപെട്ട് വിദേശത്തെക്ക് അയച്ചു. പ്രതിയെ കേസിൽ നിന്നും രക്ഷിക്കുകയിരുന്നു ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണ് സാജനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. ഈ മാസം സർവീസിൽ നിന്നും റിട്ടയർ ചെയ്യാൻ ഇരിക്കുന്നതിനിടയിലാണ് സാജന്റെ അറസ്റ്റ്.

ആലുവ പെരുമ്പാവൂർ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വില്പന കൂടിവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു സംഘം ട്രെയിനിൽ കഞ്ചാവ് എത്തിക്കുന്ന രഹസ്യവിവരം ലഭിച്ചത്. ബംഗാളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ പരിശോധനയുള്ളതിനാൽ കഞ്ചാവ് ചെന്നെയിലെത്തിച്ച് ചെന്നെ – തിരുവനന്തപുരം എക്സ്പ്രസിലാണ് ഒഡീഷ സ്വദേശികൾ ആലുവയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *