Friday, January 10, 2025
National

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ്; ഏപ്രിലിൽ ഖജനാവിലെത്തിയത് ₹1.87 ലക്ഷം കോടി

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. രാജ്യത്തെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. ഇത് ആദ്യമായാണ് ഇത്രയും ഉയർന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 12% വളർച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 20ന് മാത്രം 68,228 കോടി രൂപ ജിഎസ്‌ടി വഴി ഖജനാവിലേക്ക് എത്തി. ഇതുവരെയുള്ള ജിഎസ്‌ടി വരുമാന ചരിത്രത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. കേരളത്തിലെ ഏപ്രിൽ മാസത്തെ ജിഎസ്‌ടി വരുമാനം 3010 കോടി രൂപയാമ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 2689 കോടി ആയിരുന്നു. സംസ്ഥാനത്തിന്റെ ജിഎസ്‌ടി വരുമാനത്തിലും 12 ശതമാനം വളർച്ചയാണ് മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.

സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

കുറഞ്ഞ നികുതി നിരക്കിലും ഉയർന്ന നികുതി വരുമാനമാണ് ഏപ്രിൽ മാസത്തിൽ നേടാനായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പുതിയ സമ്പദ് വർഷം പുതിയ ബജറ്റ് ആരംഭിച്ചപ്പോൾ ആദായ നികുതിയിലടക്കം വരുത്തിയ മാറ്റങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നികുതി വരുമാനത്തിലെ റെക്കോര്‍ഡ് നേട്ടം ഇന്ത്യൻ സമ്പദ് രംഗത്തിന് ശുഭകരമായ വാർത്തയാണ്. ജിഎസ്ടി സംയോജിതമായി നടപ്പാക്കുന്നതിന്‍റെ വിജയമാണ് ജിഎസ്‌ടി വരുമാനത്തിലെ റെക്കോർഡ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

­

Leave a Reply

Your email address will not be published. Required fields are marked *