Friday, January 10, 2025
Kerala

സിബിഐ കൂട്ടിലടച്ച തത്ത, നിയന്ത്രിക്കുന്നത് ആർ.എസ്.എസ്; ബാർ കോഴക്കേസ് പുനരന്വേഷണത്തിൽ പ്രതികരവുമായി സിപിഐഎം

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം രം​ഗത്ത്. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ഈ കേസ് പണ്ടേ അവസാനിച്ചതാണ്. ബാർ കോഴ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർ എസ് എസിന്റെ അജണ്ട മാത്രമാണ്. സിബിഐയെ നിയന്ത്രിക്കുന്നത് ആർ എസ് എസാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. 418 ബാറുകൾ അനുവദിയ്ക്കാൻ 5 കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി സി.ബി.ഐ. യൂണിറ്റിലെ എസ്.പി എ. ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ. മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. കെ.എം. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്‌മൂലത്തിൽ സി.ബി.ഐ പറയുന്നു.

2014-ൽ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയെന്നായിരുന്നു കേരള ബാർ ഹോട്ടൽ ഓണേർസ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം. കെ.എം. മാണി അഞ്ച് കോടിയാണ് ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.

ബാർ ലൈസൻസുകൾ പുതുക്കുന്നതിനായി അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു ഒരു കോടി രൂപ കൈപ്പറ്റിയെന്നും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് 25 ലക്ഷവും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. സി.ബി.ഐ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഇതെല്ലാം പരാമർശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *