പ്രധാനമന്ത്രി ഇന്ന് കർണാടകത്തിൽ; റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികൾ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകത്തില്‍. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. വൈകീട്ട് മൈസൂരുവിൽ റോഡ് ഷോ നടത്തും.അതേസമയം പ്രിയങ്ക ഗാന്ധിയും ഇന്ന് കര്‍ണ്ണാടകത്തില്‍ പ്രചാരണത്തിനെത്തും.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബൂത്ത് തലത്തില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം വിര്‍ച്വലായി അഭിസംബോധന ചെയ്തു. കൂടാതെ ‘റെവ്ഡി സംസ്‌കാരം’ (സൗജന്യമായി നല്‍കുന്നത്) അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ചുവടുവെയ്പ്പിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. കോൺഗ്രസ് പാര്‍ട്ടിയ്ക്ക് തന്നെ വാറന്റി ഇല്ലാത്തപ്പോൾ പാർട്ടി നൽകുന്ന ഗ്രാരന്റിയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളതെന്ന് ചോദിച്ച് മോദി കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെ ഉറപ്പാണ്. യഥാര്‍ത്ഥ ഉറപ്പ് നല്‍കാന്‍ കഴിയാത്ത ഒരു ഘട്ടത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രചാരണം ശക്തമാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.