സുഡാനിൽ നിന്നുമെത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുമെത്തിയ സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. സംഘത്തിൽ 20 മലയാളികളുമുണ്ട്. സുഡാനിൽ നിന്നും സൗദി വഴിയെത്തിയ സംഘത്തെയാണ് തടഞ്ഞുവച്ചിരിയ്ക്കുന്നത്. യെല്ലോ ഫീവർ കാർഡ് വേണമെന്നാണ് എയർപോർട്ട് അതോറിറ്റി നൽകുന്ന വിശദീകരണം. 362 പേരുമായാണ് ജിദ്ദയിൽ നിന്നുള്ള വിമാനം ബംഗളൂരുവിലെത്തിയത്.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുകയാണ്. സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി സുരക്ഷിതമായി ജിദ്ദയിൽ എത്തി. ജിദ്ദയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തിയിട്ടുണ്ട്.
പോർട്ട് സുഡാനിൽ നിന്നും 256 ഇന്ത്യക്കാരാണ് വ്യോമസേനയുടെ വിമാനത്തിൽ ഇന്ന് ജിദ്ദയിൽ എത്തിയത്. പത്തു ബാച്ചുകളിലായി ഇതുവരെ 1839 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു. ആഭ്യന്തര യുദ്ധ മേഖലയിൽ നിന്ന് എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച 392 പേരുമായി വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റർ സി -17 വിമാനത്തിലാണ് ഇന്ത്യൻ പൗരൻമാരെ ഡൽഹിയിൽ എത്തിച്ചത്.
ഇന്ന് ഡൽഹിയിൽ എത്തിയ സംഘത്തിലും രണ്ടു മലയാളികൾ ഉണ്ട്. മലയാളികളെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും. മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നതുവരെ ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.