വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്
വന്ദേഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല.
കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്തതോടെ യാത്ര തുടങ്ങിയത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരുമായി ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കാണ് ആദ്യ യാത്ര നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളും മതസാമൂഹിക നേതാക്കളും താരങ്ങളും ആദ്യ യാത്രയില്‍ വന്ദേഭാരതിന്റെ ഭാഗമായി.
നേരത്തെ അനുവദിച്ച സ്റ്റോപ്പുക്കള്‍ക്ക് പുറമെ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍, എന്നീ സ്റ്റേറ്റഷനുകളില്‍ കൂടി ഇന്നലെ ഉദ്ഘാടന സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു.