Thursday, January 9, 2025
Sports

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: ബാംഗ്ലൂർ രാജസ്ഥാനെ നേരിടുമ്പോൾ കൊൽക്കത്തയും ചെന്നൈയും നേർക്കുനേർ

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ആദ്യത്തെ മത്സരം വൈകിട്ട് 3.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ടാമത്തെ മത്സരം രാത്രി 7.30 ന് ഈഡൻ ഗാർഡൻസിലുമാണ്.

ടോപ്പ് ത്രീ കഴിഞ്ഞാൽ വെടിതീർന്ന ബാറ്റിംഗ് എക്കാലവും ബാംഗ്ലൂരിനെ അലട്ടുന്ന പ്രശ്നമാണ്. കഴിഞ്ഞ സീസണിൽ കാർത്തികിൻ്റെ ഫിനിഷിംഗ് ടച്ചസ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് ലഭിക്കുന്നില്ല. അതാണ് തിരിച്ചടി. തുടരെ രണ്ട് വിക്കറ്റ് പോയാൽ ബാംഗ്ലൂർ തീർന്നു. അത് പരിഹരിക്കാൻ പറ്റിയ താരങ്ങൾ ബെഞ്ചിൽ ഇല്ല താനും. എങ്കിലും ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. സിറാജ് നയിക്കുന്ന ബൗളിംഗ് നിര വെഴ്സറ്റൈൽ ആണ്. ടീമിൽ മാറ്റമുണ്ടാവില്ല.

Read Also: മുംബൈയുടെ തിരിച്ചടിയിൽ പതറാതെ പഞ്ചാബ്; ജയം 13 റൺസിന്

റിയൻ പരാഗ്. രാജസ്ഥാൻ റോയൽസിൻ്റെ പ്രശ്നം ഇത് മാത്രമാണ്. അല്ലറ ചില്ലറ പ്രശ്നങ്ങൾ വേറെയുണ്ടെങ്കിലും പരാഗാണ് ടീമിലെ വീക്ക് ലിങ്ക്. അത് തിരിച്ചറിഞ്ഞിട്ടും വീണ്ടും അവസരം നൽകുന്ന മാനേജ്മെൻ്റ് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. പരാഗിനെ മാറ്റിനിർത്തിയാൽ അതിനെക്കാൾ സ്ട്രോങ്ങായ ഒരു ഇലവനെ അണിനിരത്താൻ രാജസ്ഥാനു കഴിയും. പരാഗിനെ മാറ്റിനിർത്തുമോ എന്നതാണ് ചോദ്യം. ദേവ്ദത്തിൻ്റെ ബാറ്റിംഗ് പൊസിഷൻ ചോദ്യ ചിഹ്നമായി നിൽക്കുകയാണെങ്കിലും ചിന്നസ്വാമിയെ നന്നായി അറിയാവുന്ന ദേവ് തുടർന്നേക്കും. ടീമിൽ മറ്റ് മാറ്റങ്ങളുണ്ടായേക്കില്ല.

മൂന്ന് തുടർ തോൽവികളുമായി എത്തുന്ന കൊൽക്കത്ത വിജയവഴിയിലേക്ക് തിരികെയെത്താനുള്ള കഠിനശ്രമത്തിലാണ്. നിരാശപ്പെടുത്തുന്ന ബാറ്റിംഗ് നിര, മൂർച്ചയില്ലാത്ത ബൗളിംഗ് എന്നിങ്ങനെ കൊൽക്കത്തയുടെ പ്രശ്നങ്ങൾ നിരവധിയാണ്. ലിറ്റൺ ദാസ്, ജേസൻ റോയ് ഓപ്പണിംഗ് സഖ്യം ഫോമിലെത്തിയാൽ കൊൽക്കത്തയുടെ പ്രശ്നങ്ങളിൽ വലിയൊരു ഭാഗം അവസാനിക്കും. നരേൻ ഫോമിലേക്ക് തിരികെവരേണ്ടതും അത്യാവശ്യമാണ്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.

മറുവശത്ത് രണ്ട് തുടർ വിജയങ്ങളുമായി എത്തുന്ന ചെന്നൈ കരുത്ത് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എംഎസ് ധോണി എന്ന മാസ്റ്റർമൈൻഡ് തൻ്റെ ക്യാപ്റ്റൻസി മികവുകൊണ്ട് ഒരു ശരാശരി പേസ് ബൗളിംഗ് നിരയെ മികച്ചതാക്കുന്നത് തന്നെയാണ് ചെന്നൈയുടെ ശക്തി. ഇതിനൊപ്പം സ്പിന്നർമാർ, അമ്പാട്ടി റായുഡുവിനെ മാറ്റിനിർത്തിയാൽ അസാമാന്യ ഫോമിലുള്ള ബാറ്റർമാർ എന്നിങ്ങനെ ചെന്നൈ അതിശക്തർ. ടീമിൽ മാറ്റമുണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *