Saturday, January 11, 2025
National

കര്‍ണാടക തെരഞ്ഞെടുപ്പില്‍ സഹതാപതരംഗം ലക്ഷ്യം? രാഹുല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിച്ചേക്കില്ല

മാനനഷ്ടക്കേസിലെ സൂറത്ത് സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി ഉടന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ അയോഗ്യനായി തന്നെ തുടര്‍ന്നാല്‍ അത് കര്‍ണാടക തെരഞ്ഞെടുപ്പില്‍ സഹതാപതരംഗമുണ്ടാക്കുമെന്നും അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നുമുള്ള വിലയിരുത്തലിലാണ് എഐസിസി എന്ന് സൂചനയുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അപ്പീല്‍ നല്‍കില്ലെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് മാസം സാവകാശം ഉണ്ടെന്ന വസ്തുത കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ ഈ സമയത്ത് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പ്രഖ്യാപിക്കപ്പെടുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ ഇക്കാര്യം വരുംദിവസങ്ങളില്‍ കൂടുതല്‍ ആലോചനകള്‍ നടത്തിയാകും അന്തിമ തീരുമാനത്തിലെത്തുക.

സൂറത്ത് സെഷന്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും രാഹുല്‍ ഗാന്ധിയ്ക്ക് കോടതി ഇളവ് നല്‍കിയിട്ടില്ല. സമാന കുറ്റക്യത്യങ്ങളില്‍ ഇനി ഭാഗമാകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിര ജാമ്യം അനുവദിച്ച ഉത്തരവില്‍ രാഹുല്‍ ഗാന്ധി അപ്പില്‍ വിചാരണാ ദിനങ്ങളില്‍ നേരില്‍ ഹാജരാകാനാണ് നിര്‍ദേശം. 15,000 രൂപ ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥിര ജാമ്യം അനുവദിച്ചത്. സ്ഥിരജാമ്യം അനുവദിച്ചത് ദുരുപയോഗിയ്ക്കരുതെന്നും രാഹുല്‍ ഗാന്ധിയോട് കോടതി പറഞ്ഞു. അടുത്തമാസം 20നാണ് ഇനി രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുക.

ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാന്‍ സാധിച്ചില്ലെങ്കില്‍ വയനാട് ഉടന്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്ക്ക് ഇളവ് ലഭിച്ചില്ലെങ്കില്‍ രാഹുലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതാണ് നിലവിലെ അവസ്ഥ.

കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *