Saturday, October 19, 2024
National

ഇന്ത്യയുമായി യുദ്ധസാധ്യതയെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം; പരാമർശം തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിൽ

ഇന്ത്യയുമായി സമീപഭാവിയിൽ യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം. പഞ്ചാബ് പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിലാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശം. പാകിസ്ഥാൻ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവാൽ ഭൂട്ടോ സർദാരി ഇന്ത്യയിൽ എത്താൻ ഇരിയ്ക്കുന്നതിനിടെയാണ് പാകിസ്താൻ ഇത്തരമൊരു കാര്യം സത്യവാങ്മൂലമായി കോടതിയെ അറിയിച്ചിരിക്കുന്നത്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതിനൊപ്പമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ യുദ്ധ സാധ്യതാ വാദം. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തെരഞ്ഞെടുപ്പിന് തടസമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയിൽ വിശദീകരിക്കുന്നത്. ഈ മാസം 10ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. മേയ് 14നു തിരഞ്ഞെടുപ്പ് നടത്തണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു വാദവുമായി എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഉദ്ദേശിച്ച കാര്യം സാധിച്ചെടുക്കുന്നതിനാണ് യുദ്ധ സാധ്യതയെന്ന വാദം ആഭ്യന്തര മന്ത്രാലയം ഉന്നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും പാകിസ്താന്റെ മനോഭാവം വെളിവാക്കുന്നതാണ് ഈ വാദ​മെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

Leave a Reply

Your email address will not be published.