Friday, January 10, 2025
Kerala

അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം സർക്കാർ തന്നെ കണ്ടെത്തണം; കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

അരിക്കൊമ്പൻ വിഷയത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നത്. ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.

വിദഗ്ദ്ധ സമിതിയുടെ കൺവീനർ സ്ഥലത്ത് ഇല്ലെന്ന് സർക്കാർ അറിയിച്ചു. പ്രത്യേക ടാസ്ക് ഫോഴ്സ് എന്തായി എന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ എവിടേക്ക് മാറ്റണം എന്നതിൽ വിദഗ്ദ്ധ സമിതി സീൽഡ് കവറിൽ സജഷൻ തരട്ടെ എന്നും സർക്കാർ പറഞ്ഞു. ഏറ്റവും പ്രശ്നബാധിതമായ ഇടുക്കിയിലും വയനാടും പാലക്കാടും ആദ്യം ടാസ്ക്ക് ഫോഴ്സ് രൂപികരിക്കാം. എന്നാൽ ടാസ്ക് ഫോഴ്സിൽ ഒരാൾക്ക് ഉത്തരവാദിത്തം വേണം. അത് ഡി എഫ് ഒ ആയാലും വൈൽഡ് ലൈഫ് വാർഡൻ ആയാലും പ്രശ്നമില്ലെന്നും കോടതി പറഞ്ഞു.
കേസ് വീണ്ടും മെയ്3 ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *