‘ജോണി നെല്ലൂർ കേരളാ കോൺഗ്രസിനെ ചതിച്ചു’ : പി.സി തോമസ്
ജോണി നെല്ലൂരിന്റെ നീക്കത്തെ എതിർത്ത് കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസ്. ജോണി നെല്ലൂർ കേരളാ കോൺഗ്രസിനെ ചതിച്ചുവെന്ന് പി.സി തോമസ് പറഞ്ഞു.
ഇന്ന് 12 മണിയോടെയാണ് ജോണി നെല്ലൂർ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറഞ്ഞുവെങ്കിലും നിലവിലെ കോണ്ഡഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം ജോണി നെല്ലൂർ ഉന്നയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയായി നിയോഗിച്ചത്. അന്നത്തെ ഘടകക്ഷികളോടുള്ള പരിഗണനയും സഹകരണവും സമീപനവും ഇന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ഇന്നത്തെ നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു.
ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്ക് കടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംസ്ഥാനത്ത് ഓപറേഷൻ താമര ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയിൽ പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂർ. നാഷ്ണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുൻ ഉടുമ്പുഞ്ചോല എംഎൽഎ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.