Friday, January 10, 2025
National

അതീഖ് അഹമ്മദിന്‍റെ കൊലപാതകം; സ്വതന്ത്ര്യ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി

ദില്ലി: അതീഖ് അഹമ്മദിന്‍റെ കൊലപാതകത്തില്‍ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി. ഈ ആവശ്യവുമായി സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്. യുപിയിലെ 188 ഏറ്റുമുട്ടൽ കൊലയും അന്വേഷിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. അതീവസുരക്ഷ വലയത്തിലായിരിക്കെയാണ് മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും നാടകീയമായി കൊല്ലപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ ഇവരെ വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് പ്രതികൾ കൊലപാതകം നടപ്പാക്കിയത്. പൊലീസ് കാവൽ മറികടന്ന് പോയിൻറ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. വെടിവെപ്പിൽ ലവേഷിന് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

അതീഖിന്റെയും സഹോദരന്റെയും മൃതദേഹം കനത്ത സുരക്ഷയിൽഅടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സംസ്കരിച്ചു. അതേ സമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധാഞ്ജന തുടരുകയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. സംഭവത്തിൽ യുപി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രയാഗ് രാജിൽ മാധ്യമങ്ങൾക്കും പൊലീസിനും മുന്നിൽ വച്ചായിരുന്നു മുൻ എംപി അതീഖ് അഹമ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *