ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിക്ക് ഏറ്റ 52 വെട്ടാണ് പ്ലസ് ടു കോഴക്കേസിലെ കോടതി വിധി: കെ എം ഷാജി
കോഴിക്കോട്: പ്ലസ് ടു കോഴക്കേസിലെ എഫ്ഐആര്‍ റദ്ദാക്കിയ ഹൈകോടതി വിധി ഭരണകൂടം വേട്ടയാടുന്ന എല്ലാവർക്കും ആശ്വാസമാണെന്ന് കെ എം ഷാജി പറഞ്ഞു. തനിക്കെതിരായ കേസ് എത്രമാത്രം ദുർബലമെന്ന് വിധി തെളിയിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞതിനാണ് സർക്കാർ തന്നെ വേട്ടയാടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്‍റെ പരാജയത്തിന് കാരണമായതും ഇതേ കേസ് തന്നെ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ കള്ളക്കേസെടുത്തത്. ചെറിയ മാര്‍ജിനില്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായി. വ്യാജ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജിവക്കണം എന്നു പറയുന്നില്ല, വ്യാജപ്രചരണത്തിന് മാപ്പ് പറയാന്‍ തയ്യാറുണ്ടോെയെന്നും ഷാജി ചോദിച്ചു.
തന്‍റെ കേസിലേക്ക് ഇഡിയെ വിളിച്ചു വരുത്തുകയാണ് വിജിലൻസ് ചെയ്തത്. മുൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നു ഇഡി ഉദ്യോഗസ്ഥൻ. തന്നെയും കുടുംബത്തെയും അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടി. തനിക്ക് ഹൃദയാഘാതം ഉൾപ്പെടെ വന്നു. സൈബർ ഗ്രൂപ്പുകളും മാധ്യമങ്ങളും വേട്ടയാടിയെന്നും ഷാജി പറഞ്ഞു. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതാവ് കുടുവൻ പത്മനാഭൻ 2017ലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇത് അന്വേഷിക്കാൻ വിജിലൻസ് എസ്പിക്കു പരാതി കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളിയിരുന്നു. എന്നാൽ, വിജിലൻസിന്റെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടറിൽ നിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലൻസ് കേസെടുക്കുകയായിരുന്നെന്ന് കാട്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു. വിജിലൻസ് കേസ് എടുത്തതിന് പിന്നാലെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡിയും ഉത്തരവിട്ടിരുന്നു.ഷാജിയുടെ ഹർജിയിൽ ഇ ഡി കേസിലും സ്റ്റേ കോടതി അനുവദിച്ചിരുന്നു.ഒടുവിലാണ് എഫ്ഐആർ റദ്ദാക്കാൻ ജസ്റ്റിന് കൗസർ എടപ്പഗത്തിന്‍റെ ബഞ്ച് ഉത്തരവിട്ടത്..2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ രീതിയിൽ പ്ലസ്റ്റു കേസ് ആയുധമാക്കിയിരുന്നു.മുസ്ലീലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കമായിട്ടായിരുന്ന പ്രശ്നം ആദ്യം ഉയർന്നുവന്നത്.ഇതാണ് പിന്നീട് സിപിഎം ഏറ്റെടുത്തത്. മുസ്ലീംലീഗ് ഉന്നത നേതൃത്വത്തിലെ ചിലരും പ്രശ്നം വഷളാക്കാൻ ഇടപെട്ടു എന്ന് ആക്ഷേപമുയർന്നിരുന്നു.പാർട്ടിക്ക് അകത്തെ എതിർനീക്കങ്ങളിലും പുറത്തെ വിവാദങ്ങളിലും കെഎം ഷാജിക്ക് വലിയ ആശ്വാസമാകുകയാണ് ഹൈക്കോടതി വിധി.